പേരാവൂർ : മഴ അൽപം വിട്ടു നിൽക്കുമ്പോഴും ഇടയ്ക്ക് എത്തുന്ന കനത്ത മഴയിൽ മലയോര മേഖലയെ പ്രകൃതി ദുരന്ത ഭീഷണിയുടെ നിഴലിലാക്കുന്നു. മലയോര പഞ്ചായത്തുകൾ ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കാനുള്ള തീരുമാനം എടുത്തു. പഞ്ചായത്തുകളിൽ ഇത് സംബന്ധിച്ച് ആലോചനാ യോഗങ്ങൾ ചേരുകയും ദുരന്ത ഭീഷണിയുള്ള മേഖലകളിൽ പരിശോധന നടത്തുകയും ചെയ്തു. കൊട്ടിയൂർ ബാവലി പുഴ, കേളകം- ആറളം അതിർത്തിയിലെ ചീങ്കണ്ണി പുഴ, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ എന്നിവയെല്ലാം കര കവിഞ്ഞ് ഒഴുകുകയാണ് പുഴയോരത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മണത്തണ കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയിൽ പല ഇടങ്ങളിലും വെള്ളം കയറി ഹൈവേയുടെ സമീപത്തുള്ള തോടുകൾ കര കവിഞ്ഞ് ഒഴുകുന്നതാണ് റോഡിൽ വെള്ളം കയറുന്നതിന് കാരണമായത് നെടുംപൊയിൽ പേര്യ മാനന്തവാടി സംസ്ഥാനാന്തര പാതയിൽ 29-ാം മൈൽ വെള്ളച്ചാട്ടത്തിലും വലിയ അളവിൽ മഴവെള്ളം ഒഴുകിയെത്തി ചെളി കലർന്ന വെള്ളമാണ് ഒഴുകി എത്തിയത് എന്നതിനാൽ പേര്യ ചുരം മേഖലയിലെ വനത്തിനുള്ളിൽ ഉരുൾപൊട്ടൽ ഉണ്ടായെന്നാണ് നിഗമനം. ബാവലി പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പാമ്പറപ്പാൻ പാലത്തിലൂടെയുള്ള ഗതാഗതം മുടങ്ങി. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങൾക്കുള്ളിലും മറ്റ് വന മേഖലകളിലും ഉരുൾപൊട്ടൽ ഉണ്ടായതായാണ് കണക്കാക്കുന്നത്.
കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ ബോയ്‌സ് ടൗൺ ചുരം റോഡിലും നെടുംപൊയിൽ മാനന്തവാടി റോഡിലും ഗതാഗതം പുനസ്‌ഥാപിച്ചു. ശനിയാഴ്ച രാവിലെ ബോയ്സ് ടൗൺ റോഡിലെ ചുരം ഭാഗത്ത് മണ്ണിടിച്ചിലും കല്ല് വീഴ്ച്‌ചയും ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ചെകുത്താൻ തോടിന് സമീപം റോഡിന് ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. വൈകിട്ട് മണ്ണും കല്ലും റോഡിൽ നിന്ന് നീക്കിയെങ്കിലും രാത്രി ഗതാഗതം നിരോധിച്ചു. കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നതിന് സാധ്യത നിലനിൽക്കുന്നതിനാലുമാണ് രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയത്. കനത്ത മഴ തുടർന്നാൽ ഈ റോഡിൽ കൂടിയുള്ള രാത്രി യാത്രക്ക് നിയനന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്. പേര്യ ചുരത്തിലും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം മുടങ്ങി. രാത്രി വൈകി ഗതാഗതം പുനസ്ഥാപിച്ചു.
ഒഴുകി വരുന്ന തേങ്ങ എടുക്കുന്നതിനായി പുഴയിൽ ചാടിയ യുവാവിനെ ഒഴുക്കിൽ പെട്ട് കാണാതായി, തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.. കൊട്ടംചുരം സ്വദേശിയും ഡ്രൈവറുമായ വയൽപീടികയിൽ ഹനീഫ (43) യെ ആണ് കാണാതായത്. തൊണ്ടിയിൽ ജിമ്മി ജോർജ് അക്കാദമിക്ക് സമീപത്ത് നിന്നാണ് ഹനീഫ പുഴയിലേക്ക് ചാടിയത്. ഒഴുകി വരുന്ന തേങ്ങ ശേഖരിക്കുന്നതിനായി അരയിൽ ചാക്ക് കെട്ടിയിരുന്നതായും നാട്ടുകാർ പറയുന്നു. 12 മണിയോടെയാണ് ഹനിഫയെ കാണാതായത്. ഹനീഫ തേങ്ങ പിടിക്കുന്നതിനായി പുഴയിൽ ഇറങ്ങിയതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉണ്ട് നാട്ടുകാർ നോക്കി നിൽക്കുമ്പോൾ ആണ് ഹനീഫ പുഴയിലേക്ക് പാടിയത്. പതിവായി ചെയ്യുന്ന പ്രവൃത്തി ആയതിനാൽ നാട്ടുകാർ ശ്രദ്ധിച്ചതുമില്ല. എന്നാൽ സാധാരണ ഗതിയിൽ ശ്രീകൃഷ്‌ണ ക്ഷേത്രത്തിൻ്റെ മുൻപിലുള്ള നടപ്പാലം വരെ ചെന്ന് തിരിച്ചു കയറി വരികയാണ് പതിവ്. ആ ദുരത്തിനും അപ്പുറത്തേക്ക് ഒഴുകി പോകുകയും കാണാതാകുകയും ചെയ്തതോടെ നാട്ടുകാർ പൊലീസിലും പേരാവൂർ ഫയർഫോഴ്സിലും അറിയിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി വൈകിട്ട് 6.30 വരെ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഹനീഫയെ കണ്ടെത്തിയില്ല. കനത്ത മഴ തുടരുന്നതിനാൽ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. തിരച്ചിൽ തുടരുകയാണ്.
മല വെള്ളപ്പാച്ചിലിൽ പുഴ കര കവിഞ്ഞൊഴുകുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്‌തപ്പോൾ ആറളം ഫാമിൽ രാത്രിയിൽ കുടുങ്ങി പോയ ചെത്ത് തൊഴിലാളികളെ പേരാവൂർ ഫയർ ഫോഴ്സസ് സുരക്ഷിതമായി പുറത്ത് എത്തിച്ചു ശനിയാഴ്‌ച രാവിലെ ആറളം ഫാമിൽ തെങ്ങ് ചെത്താൻ എത്തിയ 20 ചെത്തു തൊഴിലാളികളാണ് ഒന്നാം ബ്ലോക്കിൽ കുടുങ്ങിയത് കനത്ത മഴയെ തുടർന്ന് ബാവലി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് രാത്രിയായിട്ടു. ആറളം ഫാം ഒന്നാം ബ്ലോക്കിൽ നിന്ന് ഓടംതോട് ഭാഗത്തേക്കോ പാലപ്പുഴ ഭാഗത്തേക്കോ തൊഴിലാളികൾക്ക് കടക്കാൻ കഴിയാത്ത സ്ഥിതിയായി വിവരം അറിയിച്ചതിൻ്റെ അടിസ്‌ഥാനത്തിൽ പേരാവൂർ ഫയർഫോഴ്‌സ് എത്തി രാത്രി 8 മണിയോടെ തൊഴിലാളികളെ പുറത്ത് എത്തിക്കുകയായിരുന്നു ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് തൊഴിലാളികൾ പറഞ്ഞു പേരാവൂർ ഫയർഫോഴ്‌സ് അസിസ്‌റ്റൻറ് സ്‌റ്റേഷൻ ഓഫിസർ ബാബു ആയോടൻ, സീനിയർ ഫയർ റെസ്ക്യൂ ഓഫിസർ ടി കെ വിനു, ഫയർ ആൻഡ് റസ്‌ക്യൂ ഓഫിസർമാരായ കെ.സിജു. എം കെ ബിനോജ്, ജിതിൻ ശശീന്ദ്രൻ, സി.പി. വിജേഷ്, റിനു കുയ്യാലി, ടി.ജെ.റോബിൻ, എം.എസ്.മഹേഷ്, മിഥുൻ മോഹൻ, ടി. അതുൽ ഹോം ഗാർഡുമാരായ എം രമേഷ് കുമാർ, അനീഷ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
The hillside is in fear in the rain. Search for the missing, rescue for those trapped.






















